അടിക്കാന്‍ പറ്റാത്ത ആണിയാണോ ബിരിയാണി?
.
ഏയ്, ഒരു പ്ലെയ്റ്റൊക്കെ ആര്‍ക്കും അടിക്കാം.
----------------------------------------------------------------------------
കേരളത്തില്‍ നടക്കുന്ന കൂടുതല്‍ വിവാഹമോചനങ്ങള്‍ക്കും കാരണം?
-
'തന്‍റെതല്ലാത്ത കാരണത്താല്‍'.
തന്തയെ തല്ലാത്ത കാരണത്താല്‍ എന്നു വക്രദൃഷ്ടിയോടെ വായിക്കരുതെന്നപേക്ഷ.
-----------------------------------------------------------------------------------
മുകളില്‍ എല്ലാം കാണുന്ന ഒരാളുണ്ട് എന്ന ചിന്തയേക്കാള്‍ മുകളില്‍ എല്ലാം കാണുന്ന ഒരു ക്യാമറയുണ്ട് എന്ന പൊതുബോധം ഇന്നത്തെ സാഹചര്യത്തില്‍ സാധാരണമായിരിക്കുന്നു.
-----------------------------------------------------------------------------------
"ഇനിയൊരക്ഷരം മിണ്ടിയാല്‍ അടിച്ചു പല്ലു ഞാന്‍ കൊഴിക്കും!"
എന്തോന്നെഡേയ് ഇത്?വേണ്ടാതീനം പറയുന്നത് നാവ്.കൊഴിയുന്നത് പാവം പല്ലും.എന്തൊരനീതി!ഇതിനിവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?
------------------------------------------------------------------------------------
ഓരോ സുലൈമാനിയിലും പ്രണയം ഒളിഞ്ഞു കിടപ്പുണ്ടെന്നു പറയാന്‍ കാരണമെന്താണെന്നു ഇപ്പോഴല്ലേ പിടികിട്ടിയത്.ഇന്നലെ കുടിച്ച കട്ടന്‍ ചായയില്‍ അലിയാതെ കിടന്ന പഞ്ചസാര ഗ്ലാസ്സിനടിയില്‍ കിടക്കുന്നു.പ്രണയം 'അടിഞ്ഞു' കിടക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി.കാരണം,പ്രണയവും പ്രമേഹവും മധുരക്കൂടുതല്‍ കൊണ്ടുള്ള അസുഖങ്ങളാണല്ലോ
----------------------------------------------------------------------------------------
മഴമൂലം തകര്‍ന്ന റോഡിന്‍റെ അറ്റകുറ്റപ്പണിക്കുള്ള ടെണ്ടര്‍ തിമിംഗലത്തെ ഏല്‍പിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തത്വത്തില്‍ ധാരണയായി.
വമ്പന്‍ സ്രാവുകളെ ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണിത്.
---------------------------------------------------------------------------
കഴിഞ്ഞ ഓണത്തിനു നാട്ടിലുള്ളപ്പോള്‍ ലുലുമാളില്‍ ഒന്നു കയറി.അബുദാബിയിലെപ്പോലെത്തന്നെ കാര്യമായ മാറ്റമൊന്നും കാണാതിരുന്ന ഞാന്‍ കൂട്ടുകാരോട്,കൊച്ചിയിലെ ലുലുവില്‍ കാര്യമായിട്ടൊന്നുമില്ല എന്നു പറഞ്ഞപ്പോള്‍ 'ഗള്‍ഫുകാര്‍ ലുലുമാളില്‍ കയറിയ പോലെ'എന്നും പറഞ്ഞു അപമാനിച്ചു.
-----------------------------------------------------------------------
ജോർജ്ജ് ബർണാർഡ് ഷായുടെ സാഹിത്യ-സംഗീത മേഖലകളിലെ വിമർശനാത്മകമായ ലേഖനങ്ങളില്‍ ആകൃഷ്ടയായ ഒരു സുന്ദരിയായ യുവതി അദ്ദേഹത്തോട് വിവാഹഭ്യാര്‍ത്ഥന നടത്തി.
"താങ്കളുടെ ബുദ്ധിയും ചിന്തയും എന്‍റെ സൌന്ദര്യവും ചേര്‍ന്നൊരു മകന്‍ പിറന്നാള്‍ അവന്‍ ലോകപ്രശസ്തനാവും.!"
അതിനു ഷായുടെ മറുപടി
"എന്‍റെ സൌന്ദര്യവും നിന്‍റെ ബുദ്ധിയും ചിന്തയും ചേര്‍ന്നാണ് ഒരു മകന്‍ പിറക്കുന്നതെങ്കിലോ? ഹൊ.എനിക്കതാലോചിക്കാന്‍ കൂടി വയ്യ..!!
--------------------------------------------------------------------------
മരുന്ന് കഴിച്ചാല്‍ ഏഴു ദിവസം കൊണ്ടും കഴിക്കാതിരുന്നാല്‍ ഒരാഴ്ച
കൊണ്ടും മാറുന്ന അസുഖമാണത്രേ ജലദോഷം.ഇപ്പൊ ദേ, ജലദോഷം പിടിച്ചിട്ട് ഒരാഴ്ചയും പതിനഞ്ചു മിനുട്ടുമായി.ശബ്ദം ഒരുമാതിരി മാപ്പിളപ്പാട്ട് പാടുന്ന ഗായകരെ പോലെയായത് മിച്ചം.
-----------------------------------------------------------------------
അമേരിക്കന്‍ ശമ്പളം,ജര്‍മന്‍ കാര്‍,ഇന്ത്യന്‍ ഭാര്യ,ചൈനീസ് ഫുഡ് ഇതൊക്കെയുണ്ടെങ്കില്‍ ഭൂമിയില്‍ സ്വര്‍ഗമുണ്ടാകുമത്രേ....
നേരെ മറിച്ച്,അമേരിക്കന്‍ ഭാര്യ,ജര്‍മന്‍ ഫുഡ്,ഇന്ത്യന്‍ ശമ്പളം,ചൈനീസ് കാര്‍ ഇതൊക്കെയാണെങ്കില്‍ ഭൂമിയില്‍ നരകമുണ്ടാവുന്നതിനു മറ്റൊന്നും വേണ്ട....
-------------------------------------------------------------------------------
ഒരു പൊട്ടിച്ചിരി ശബ്ദം കേട്ടാണ് ഞാന്‍ ബോസ്സിന്‍റെ കാബിനിലേക്ക് എത്തി നോക്കിയത്.പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല.എന്നാല്‍ മേശപ്പുറത്തു വച്ചിരുന്ന ഒരു ഇന്‍വലപ്പ് ആരോ പൊട്ടിച്ചിരിക്കുന്നു.
--------------------------------------------------------------------------------
അവളുടെ നീളമേറിയ കാര്‍കൂന്തലില്‍ ആകൃഷ്ടനായാണ് അവന്‍ അവളെ വിവാഹം കഴിച്ചത്.അതേ നീളമുള്ള മുടി പലതവണയായി ഭക്ഷണത്തില്‍ കണ്ടപ്പോഴാണ് അവന്‍ അവളെ ഡിവോഴ്സ് ചെയ്തതും.
മുടി പെണ്ണിന്‍റെ തലയിലിരിക്കുമ്പോഴേ കാണാന്‍ ഭംഗിയുണ്ടാവൂ.ഉണ്ണുന്ന ചോറിലാകുമ്പോ പ്രശ്നമാകും.
----------------------------------------------------------------------------------
സ്വന്തം ജീവിതത്തില്‍ അഭിനയം കൂടിപ്പോകുന്നുവെന്നു തോന്നിയപ്പോഴായിരിക്കുമോ വില്യം ഷേക്സ്പിയറിനു 'ജീവിതം ഒരു നാടകമാണെ'ന്ന തിരിച്ചറിവുണ്ടായത്?
-----------------------------------------------------------------------------------
താന്‍ സ്വയം വേറെ വേറെ പേരില്‍ മൂന്നു ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി,എല്ലാത്തിനേയും ഫ്രെണ്ട്സ് ആക്കി, അതിലേക്കു തന്നെ റിക്വസ്റ്റ് അയച്ചു, താന്‍ തന്നെ ലൈഫ് കൊടുത്തു മറ്റുള്ളോരെ വെറുപ്പിക്കാതെ തനിക്കു സ്വന്തം ഒറ്റക്കിരിന്നു 'Candy Crush' കളിച്ചൂടെ എന്നാണു എന്‍റെ ഒരു ഇത്.
യേത്?
----------------------------------------------------------------------------------------
-----സ്റ്റാറ്റസ് വ്യതിയാനം----
വിവാഹത്തിനു മുമ്പ് -ഹും!ഒറ്റയ്ക്കു ജീവിക്കാന്‍ തന്നെ പാടാ.പിന്നെയാ ഒരുത്തിയെ കൂടെ പൊറുപ്പിക്കുന്നത്.ഈ കല്യാണം കഴിച്ചവരൊക്കെ എങ്ങനെയാണാവോ ജീവിക്കുന്നത്?
വിവാഹത്തിനു ശേഷം -ഈ കല്യാണപ്രായമായിട്ടും പെണ്ണുകെട്ടാതെ നടക്കുന്നവരൊക്കെ എങ്ങനെയാണാവോ ജീവിക്കുന്നത്?ആലോചിച്ചിട്ടു തന്നെ തല പെരുക്കുന്നു
---------------------------------------------------------------------------------------------
വധുവില്‍ നിന്നും ഭാര്യയിലേക്കുള്ള ദൂരം സ്വപ്നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കുള്ള ദൂരമത്രേ.
-------------------------------------------------------------------------------------------
guest എപ്പോഴാണ് ghost ആയി മാറുന്നതെന്നറിയാമോ?
.
.
വിരുന്ന്‍ വന്നവര്‍ മൂന്നില്‍ കൂടുതല്‍ ദിവസം വീട്ടില്‍ തങ്ങിയാല്‍...
----------------------------------------------------------------------------------------------
എല്ലാ ഉദ്യോഗത്തില്‍ നിന്നും ഭര്‍ത്താവുദ്യോഗത്തിനെ വ്യത്യസ്തനാക്കുന്നതെന്തെന്നാല്‍ അതിനു മാത്രം എക്സ്പീരിയന്‍സ് അയോഗ്യതയാണ്.
-----------------------------------------------------------------------------------------------
ദുര്‍ബലനായ മനുഷ്യന്‍ പരിസ്ഥിതിയുടെ അടിമയാണ്.മന:ശക്തിയുള്ളവര്‍ ചുറ്റുപാടിനെ തന്‍റെ ഇംഗിതത്തിനനുസരിച്ചു മാറ്റിയെടുക്കുന്നു.
----------------------------------------------------------------------------------------------
എല്ലാ വേദനകളെയും മായ്ക്കുന്ന ഒരു മരുന്ന്‍.
.
.
'സാരമില്ല' എന്ന വാക്ക്
-----------------------------------------------------------------------------------------------
രണ്ടു ദിവസമായി നാവില്‍ പുണ്ണ്‍.വേദന സഹിക്കാന്‍ വയ്യ,വല്ലതും കഴിക്കാനും വയ്യ,ഒന്നും സ്ഫുടമായി സംസാരിക്കാനും വയ്യ.എന്‍റെ വായ്പുണ്ണില്‍ ആകെ സന്തോഷിച്ചത് സഹസ്റ്റാഫുകളായിരുന്നു.എന്‍റെ 'കിരി കിരി'തല്‍ക്കാലത്തേക്ക് നിന്നു കിട്ടിയല്ലോ.അവസാനം ഉപ്പും മുളകുമില്ലാത്ത ഭക്ഷണം കഴിച്ചും ധാരാളം വെള്ളം കുടിച്ചും മരുന്നു കഴിക്കാതെ തന്നെ മാറിക്കിട്ടി!!! സത്യം! ഇതില്‍ നിന്നും ഞാന്‍ പഠിച്ച പാഠം,നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗം നമ്മെ വേദനിപ്പിക്കുമ്പോള്‍ ഇതിനേക്കാള്‍ വലുതെന്ന്‍ കരുതി നമ്മള്‍ ടെന്‍ഷനടിച്ചിരുന്ന പല കാര്യങ്ങളും മറക്കാന്‍ കഴിയുന്നു.
--------------------------------------------------------------------------------------------ഈ ലോകത്ത് ഒരിടം ഉറപ്പാക്കാന്‍ എന്താണ് ഒരു വഴി?.
.
.
എപ്പോഴും റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ