2014 ജൂലൈ 23, ബുധനാഴ്‌ച

അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണോ?

അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്
അഭിപ്രായങ്ങള്‍ കുപ്പായങ്ങള്‍ പോലെയാണ്.കാലം മാറുന്നതിനനുസരിച്ചു അതു നമുക്കു പാകമാവാതെ വരും.ചിലര്‍ നിലംപൊത്തിയാലും നിലപാട് മാറ്റാത്തവരാണ്.ചിലര്‍ സാഹചര്യം നോക്കി നിലപാട് എടുക്കുന്നവരാണ്.ഒരു നിലപാടില്ലാത്ത നിലപാടുള്ളവരുമുണ്ട്.പണ്ടൊക്കെ രാഷ്ട്രീയ നിരീക്ഷകര്‍ ഇനിയെന്തു സംഭവിക്കുമെന്നു ശക്തമായി വാദിക്കും.ഇനി അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എന്തു കൊണ്ടു അങ്ങനെ സംഭവിച്ചില്ലാ എന്നും ശക്തമായി വാദിക്കും.ചാനല്‍പ്രളയത്തിനും സോഷ്യല്‍ മീഡിയപ്രസരണത്തിനും ശേഷം ഒരു രാഷ്ട്രീയനേതാവിനും ഇങ്ങനെയുള്ള ഗീര്‍വാണങ്ങള്‍ അടിക്കാന്‍ പണ്ടത്തെപ്പോലെ കഴിയാറില്ല എന്നും നാം നിത്യേനെ കാണാറുള്ളതാണ്.ഇന്നു ഫെയ്സ്ബുക്ക് തുറന്നാല്‍ മുസ്ലിം-ഹിന്ദു-ക്രിസ്ത്യന്‍ ,ആര്‍ എസ് എസ്-മാര്‍ക്സിസ്റ്റ്-ലീഗ്,ബീജെപി-കോണ്ഗ്രസ്,EK-AP,സുന്നി-സലഫി തുടങ്ങി  മത-ജാതി-വര്‍ഗ-രാഷ്ട്രീയ  ഗ്രൂപ്പുകളിലെല്ലാമായി എവിടെയെല്ലാം കലക്കാന്‍ പറ്റുന്നുവോ അവിടെയെല്ലാം നന്നായി കലക്കുന്ന കാഴ്ചയാണ് കാണുന്നത്.ഇതെല്ലാം അതിന്‍റെ ഉന്നതിയിലിരിക്കുന്നവരിലുപരി അണികളെന്നവകാശപ്പെടുന്നവരിലാണ് കൂടുതല്‍ കാണുന്നത്.സംഗതി ഇത്രേയുള്ളൂ.സ്വന്തം നിലപാട് മറ്റുള്ളവരെ അറിയിക്കണം.കുഴപ്പമില്ല.പക്ഷെ,തന്‍റെ നിലപാട് മാത്രമാണു ശരി എന്ന സങ്കുചിതക്കാര്‍ കൂടുമ്പോള്‍ കാര്യം കൈവിട്ടു പോകുന്നു.ഒരു വീട്ടില്‍ നിന്നുള്ളവരില്‍ നിന്നു പോലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നിരിക്കെ പല മതക്കാരും ചിന്തകര്‍ക്കുമിടയില്‍ വ്യതസ്ത നിലപാടുണ്ടാകുമെന്ന കാര്യത്തില്‍ സംശയമുണ്ടോ? ഒരു മലയാളിക്കു സാമൂഹികമായ സംവാദങ്ങളില്‍ നിന്നും രാഷ്ട്ര-രാഷ്ട്രീയമായ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയുമോന്നാണു ചോദ്യമെങ്കില്‍ അങ്ങനെയുള്ള ആരോഗ്യകരമായ ചര്‍ച്ചകളാണോ ഇതില്‍ നടക്കുന്നത്?എന്‍റെ ഫ്രണ്ട്‌ ലിസ്റ്റില്‍ ഈ പറഞ്ഞ എല്ലാ വിഭാഗക്കാരുമുണ്ട്.കാരണം,അവര്‍ പറയുന്നതെന്താണെന്നു കൂടി നമ്മള്‍ അറിയേണ്ടേ.ചിലരുടെ പോസ്റ്റു കാണുമ്പോള്‍ കേറി ചെരഞ്ഞാലോ എന്നു തോന്നും.അതു പിന്നെ അവസാനിക്കുക തെറിയിലും തന്തക്കു വിളിയിലും എതിര്‍ ചേരിക്കാരന്‍ എന്തിനെയാണോ പരാമര്‍ശിച്ചത് അതിന്‍റെ ന്യൂനതകള്‍ ഇന്റര്‍നെറ്റില്‍ പരതി,പോസ്റ്റി.അവന്‍ തിരിച്ചിങ്ങോട്ടു പോസ്റ്റി,സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്നതിനു സമമായിരിക്കും.  തന്‍റെ നിലപാടുകളും സമീപനങ്ങളും ശക്തിയുക്തം സമര്‍ത്ഥിക്കുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ക്കുക.

ഒരാള്‍ മറ്റൊരാളോട് വാദിച്ചു ജയിച്ചാല്‍ അതിനര്‍ത്ഥം അയാളുടെ വാദം ശരിയാണെന്നല്ല.മറിച്ചു,അയാള്‍ക്കു നന്നായി വാദിക്കാനറിയാം എന്നാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ