ഇന്നത്തെ ബസ് ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ടപ്പോള്‍ ബാലരമയിലെ പഴയൊരു കഥ ഓര്‍മ്മവന്നു.മണ്ടനായ കോമുവിന്‍റെ വീട്ടിലെ ഒരു മരം പുരപ്പുറത്തേക്കു വീഴാറായി നില്‍ക്കുകയാണ്.അയല്‍വാസിയായ ചാമു ഒരു മരംവെട്ടുകാരനാണ്.കോമു ചാമുവിനെ മരം വെട്ടാനേല്‍പ്പിച്ചു. മരം വെട്ടിക്കഴിഞ്ഞു കോമു വെട്ടിയതിന്റെ കൂലിയെത്രയെന്നു ചോദിച്ചു.ബുദ്ധിമാനായ ചാമു ചിന്തിച്ചു:80 രൂപയാണ് വേണ്ടത്.പക്ഷേ ഒരു നൂറു രൂപയെങ്കിലും ചോദിച്ചാലെ പിശുക്കനായ കോമു 80 എങ്കിലും തരൂ.ചാമു പറഞ്ഞു."ഒരു പത്തു നൂറു രൂപ തന്നോളിന്‍ ".ഒന്നാലോചിച്ചിട്ട് കോമു,"പത്തു നൂറില്ല,പകരം നാലു നൂറു തന്നാല്‍ മതിയോ?" ...''ഓ.സമ്മതം ''-ചാമു.80 രൂപയ്ക്കു പകരം നാനൂറു രൂപ കിട്ടിയ സന്തോഷത്തില്‍ ചാമുവും ,അറുനൂറു രൂപ ലാഭിച്ച സന്തോഷത്തില്‍ കോമുവും അവരവരുടെ വഴിക്ക് പോയി.
---------------------------
ബസ്സുടമകള്‍ മിനിമം ചാര്‍ജ്ജ് 8 രൂപയാക്കണമെന്നാവശ്യപ്പെട്ടു ഒരു സൂചനാ പണിമുടക്കും നടത്തി സര്‍ക്കാരിനെ പേടിപ്പിച്ചു.പൊതുജനങ്ങള്‍ക്കു വേണ്ടി 8 രൂപയാക്കില്ല,വേണമെങ്കില്‍ 7 രൂപയാക്കാം എന്നു പറഞ്ഞു ഗതാഗതമന്ത്രിയുടെ ഉത്തരവുമിറങ്ങി.സൂപ്പര്‍ഫാസ്റ്റ് നിരക്കും വിദ്ധ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കും അതിനു ആനുപാതികമായി കൂട്ടി.ബസ്സുടമകളുടെ സമ്മര്‍ദ്ദത്തില്‍ തങ്ങള്‍ വീണില്ല എന്നഭിമാനിച്ചു സര്‍ക്കാരും 8 രൂപയില്‍ നിന്നു എഴിലെത്തിയല്ലോ എന്നോര്‍ത്തു ജനങ്ങളും വിചാരിച്ച ടാര്‍ഗെറ്റ് തന്നെ കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ ബസ്സുടമകളും.അങ്ങനെ പതിവു നാടകത്തിനു വീണ്ടും തിരശീല വീണു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ