2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച

എല്ലാം നാളെ ശരിയാവും

തെലുങ്കാന പ്രശ്നവുമായി ബന്ധപ്പെട്ടു കേരളത്തിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ യുവനേതാവ് സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി നടത്തിയ പരസ്യപ്രസ്താവനയാണ് ഈ കുറിപ്പിനാധാരം.അദ്ദേഹത്തിന്റെ പ്രസ്താവനയോടെ അദ്ദേഹത്തിന്റെ പാര്‍ട്ടി നടപടിയെടുക്കട്ടെ.പക്ഷേ ഇതിനോട് സാക്ഷര-പ്രബുദ്ധ കൈരളി എത്ര അപക്വമായാണ് പ്രതികരിച്ചതെന്ന് നാം കണ്ടു.
           അദ്ദേഹം നിര്‍ദ്ദേശിച്ച വിഷയം കുറച്ചു കടന്ന കൈയാണെങ്കിലും അതിലേക്ക് കൊണ്ടെത്തിച്ച കാര്യങ്ങള്‍ കാലികപ്രസക്തിയുള്ള ചര്‍ച്ചാവിഷയമാണെന്നകാര്യം ഫേക്ക് അക്കൌണ്ടില്‍ വായിട്ടലച്ചവരും അതേറ്റുപിടിച്ച ചാനലുകാരും മന:പ്പൂര്‍വം വിസ്മരിച്ചു.മീന്കച്ചവടക്കാര്‍ വരെ ആധാറും NPR ഉം ചോദിക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ വക കാര്യങ്ങളില്‍ വരുന്ന തിരുത്തലുകള്‍ക്ക് തിരുവനന്തപുരത്തെക്കോടാന്‍ ജനശതാബ്ദിക്ക് ടിക്കെറ്റ് റിസര്‍വ് ചെയ്യേണ്ട സ്ഥിതിയാണ് മലബാറുകാര്‍ക്ക്.
           ഭൂമിശാസ്ത്രപരമായി പിന്നോക്കം നിന്നിരുന്ന പഴയ മലബാറില്‍ നിന്നും  വിദ്യാഭ്യാസത്തിലും മറ്റു വികസനപ്രവര്‍ത്തനങ്ങളിലും  നവ മലബാര്‍ ബഹുദൂരം പിന്നിട്ടപ്പോള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഭാവം കാരണം അവര്‍ക്കാശ്രയിക്കേണ്ടി വന്നതും കൊച്ചിയും തിരുവിതാംകൂറിനെയും.മുസ്ലിംലീഗിലെ മലബാറിലെ മന്ത്രിമാര്‍ വിദ്യാഭ്യാസവകുപ്പ് ഭരിച്ചിരുന്ന കാലത്താണ് ഇതിനു ചെറിയ തോതിലെങ്കിലും അറുതി വന്നത്.അപ്പോഴും ലീഗിനെതിരെ അസഹിഷ്ണുതയുള്ള ചില ചാനലുകാര്‍ രാതികാല ചര്‍ച്ചകളില്‍ അഞ്ചാം മന്ത്രി ലീഗിനു നല്‍കിയാല്‍ കേരളത്തിലെ മതസംതുലിതാവസ്ഥ തകിടം മറിയുമെന്നു ആക്രോശിച്ചു,പേടിപ്പെടുത്തി.കേരളത്തിന്റെ വികസനക്യാമറ ഒരിടത്തേക്കു മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ.കൊച്ചി.UAE എംബസി കേരളത്തില്‍ സ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ ഗള്‍ഫിലെ ബഹുഭൂരിപക്ഷം വരുന്ന മലബാറുകാരെ പരിഗണിച്ചു കോഴിക്കോട് സ്ഥാപിക്കാനുള്ള നിര്‍ദേശം വന്നപ്പോഴും നറുക്കുവീണതും കൊച്ചിക്ക്‌.
         റെയില്‍വേയുടെമലബാറിനോടുള്ള അവഗണനക്കെതിരെ സംസാരിച്ചു നാക്കില്‍ തഴമ്പ് വന്ന സ്ഥിതിയായി.മലബാറുകാര്‍ വിശിഷ്യാ മലപ്പുറത്തുകാര്‍ തീവണ്ടിയില്‍ കയറി വളരെക്കാലങ്ങള്‍ക്കു ശേഷമാണ് തെക്കര്‍ ട്രെയിന്‍ കാണാന്‍ തുടങ്ങിയതു തന്നെ.പക്ഷേ വികസനത്തില്‍ ദക്ഷിണകേരളം അഭൂതപൂര്‍വമായ  മുന്നേറ്റമുണ്ടായാതാണ് ഐക്യകേരളം പിന്നെ കണ്ടത്.2006-07ബജറ്റില്‍ അന്നത്തെ റെയില്‍വേ മന്ത്രി പറഞ്ഞതാണ് ഇലക്ട്രിക് സെക്ഷനല്ലാതതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ മലബാര്‍ മേഖലയില്‍ നടത്താനാവില്ലെന്നത്.ദേ ,മതിയായ ഫണ്ടില്ലെന്നും പറഞ്ഞു മെല്ലെപ്പോക്ക് നയം ഇപ്പോഴും തുടരുന്നു.ദക്ഷിണ-ഉത്തര കേരളത്തില്‍ ഓടുന്ന തീവണ്ടികളുടെ എണ്ണം പരിഗണിച്ചാല്‍ തന്നെ അവഗണനയുടെ ആഴം മനസ്സിലാവും.
         ഇതെഴുതിയത് കൊണ്ട് മി:നൌഷാദ് പറഞ്ഞ വാക്കുകളോട് യോജിപ്പുണ്ടെന്നോ തെക്കന്‍കേരളത്തോട് അസൂയയുള്ളവനാണ് ഞാനെന്നോ ദയവുചെയ്ത് വ്യഖ്യാനിക്കരുത്.മലബാര്‍ നേടിയതെല്ലാം അവരുടെ മുമ്പിലെ വിലങ്ങു തടികളെ മാറ്റിക്കൊണ്ടാണ്.ഇതൊക്കെ പറയാനും ശ്രദ്ധയില്‍ പെടുത്താനും നാളെയാരെങ്കിലും വരും,നമ്മള്‍ ഇതെല്ലാം കൈകെട്ടി നോക്കിയിരുന്നാല്‍ മതി എന്നു വിചാരിച്ചിരുന്നാല്‍ ഒന്നും നടക്കില്ല.അതുകൊണ്ട് വസ്തുതകളെ വക്രീകരിക്കാതെ  ആരോഗ്യകരമായ ചര്‍ച്ചകളാവാം.കാര്യങ്ങള്‍ സത്യസന്ധമായി പറയുന്നവരേക്കാള്‍ അര്‍ദ്ധസത്യത്തെ ഭംഗിയായി പുകമറ സൃഷ്ടിച്ചു ഉപ്പും മുളകും മസാലയും ആവശ്യത്തിലേറെ ചേര്‍ത്ത് വിളമ്പുന്ന ചാനല്‍ അവതാരകരാണ് ഇന്നുള്ളത്.സത്യത്തെ പക്വമായ രീതിയില്‍ കാണുന്ന തലമുറ വളരട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ