2014 ജൂലൈ 26, ശനിയാഴ്‌ച

പകല്‍ക്കൊള്ള

                ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും'എന്ന കോളത്തില്‍ അനിത ദാസ് വള്ളിക്കുന്ന് എഴുതിയ ഒരു കത്താണു ഈ കുറിപ്പിനാധാരം.
പറയുംപോലെ പ്രൈവറ്റ് ബസ്സുകാരുടെ ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ മാത്രം വാളോങ്ങുന്നവര്‍ KSRTC കാണിക്കുന്ന വിവേചനത്തിനെതിരെ പലപ്പോഴും പ്രതികരിക്കാറില്ല.സഞ്ചരിക്കുന്ന സര്‍ക്കാര്‍ ഓഫീസു പോലെ തോന്നിക്കുന്ന ആനവണ്ടി ജീവനക്കാരോട്,സ്വതവേ ചിരിക്കാത്ത കണ്ടക്ടറോട് വാദപ്രതിവാദത്തിനൊരുങ്ങിയിട്ടു കാര്യമില്ല എന്ന ചിന്താഗതിയായിരിക്കും അതിനു കാരണം.
കഴിഞ്ഞ ജനുവരിയില്‍ എനിക്കു KSRTCയുടെ മാന്യമായ കൊള്ളയാത്രക്ക് ഇരയാവേണ്ടി വന്നു.ചങ്കുവെട്ടിയില്‍ നിന്നും കക്കാട്ടെക്ക് (8 കി.മി.) 56 രൂഭാ കൊടുക്കേണ്ടി വന്നു.ശരി,കൂടുതല്‍ ചാര്‍ജ്ജ് കൊടുക്കുന്നത് കൊണ്ട് പ്രത്യേകിച്ചു വല്ല ഗുണമുണ്ടോ?ലക്ഷ്വറിയാണോ,അല്ല.മിനിമം എസിയുണ്ടോ,അതുമില്ല.KSRTCയെ എസി ബസ്സുമായി താരതമ്യം ചെയ്യുന്നത് കുറച്ചു കടന്ന കൈയല്ലേ എന്നു ചോദിക്കാന്‍ വരട്ടെ,സൂപ്പര്‍ഫാസ്റ്റിന്റെ മാത്രം ചാര്‍ജ്ജില്‍ എസിക്കു അധിക ചാര്‍ജ്ജ് ഈടാക്കാത്ത പല പ്രൈവറ്റ് ബസ്സുകളും കേരളത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.ദോഷം പറയരുതല്ലോ ഒരു മാറ്റം ഈ 'അധിക ചാര്‍ജ്ജ് ബസ്സി'നുണ്ട്.അതു വെറും പുറം കളറിലുള്ള മാറ്റമാണ്.പച്ച നിറത്തിലുള്ള KSRTCകളാണ് സാധാരണക്കാരന്‍റെ പേഴ്സിന്റെ കനം കുറച്ചു ജനത്തെ സേവിക്കുന്നത്.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അവരുടെ അവകാശമാണെന്നു പറയുന്ന സര്‍ക്കാര്‍,സര്‍ക്കാര്‍ വക വാഹനങ്ങളില്‍ ആ ഇളവു നല്‍കുന്നില്ല.മിനിമം ചാര്‍ജ്ജിനു പോലും കഴുത്തറപ്പന്‍ കാശു വാങ്ങുന്ന KSRTC ലാഭത്തിലല്ലന്നും പതം പറഞ്ഞു നഷ്ടക്കണക്കും കാണിച്ചു പൊതുജനത്തിന്‍റെ കണ്ണില്‍ പോടിയിടുന്നു. ജനങ്ങള്‍ക്കു ഉപകാരമില്ലെങ്കില്‍ , ഒരു വിഭാഗത്തെ മാത്രം തീറ്റിപ്പോറ്റാനായി നിലകൊള്ളുന്ന ഈ വെള്ളാനയെ നിലനിര്‍ത്തേണ്ടതുണ്ടോ എന്നു ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ