2015, ജൂൺ 27, ശനിയാഴ്‌ച

                ''മഴക്കാലമല്ലേ...മഴയല്ലേ .....''സിനിമയിലും കഥകളിലും കവിതകളിലും മഴയെക്കുറിച്ചുള്ള കാല്‍പ്പനികതയും ഗൃഹാതുരത്വവും പത്തിവിടര്‍ത്തിയാടുമ്പോള്‍ ജീവിതത്തില്‍ അതേ മഴയെ ആസ്വദിക്കുന്നവരും അനുഭവിക്കുന്നവരും സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അപൂര്‍വ്വം.കേരളത്തിലെ പച്ചപ്പിനു കാരണക്കാരനായ മഴയെ പഴിക്കുന്നവരാണേറേയും മഴയല്ലേ എങ്ങനെ റോഡു നന്നാക്കും?എന്നു രാഷ്ട്രീയപക്ഷം.കേരളത്തിലെ ഇടവപ്പാതിയെ ഉത്തരേന്ത്യ ഉറ്റുനോക്കുമ്പോള്‍ നമുക്കിത് പകര്‍ച്ചവ്യാധികളുടെ മഴക്കാലം.ആസൂത്രണത്തിന്റെ അഭാവവും പരിസരശുചീകരണവും മാലിന്യനിര്‍മാര്‍ജ്ജനവും ഫലപ്രദമാക്കാത്തതിന്റെ പരിണിതഫലമായുണ്ടാകുന്ന ഡെങ്കിക്കും എലിക്കും മലക്കും നമ്മള്‍ കാരണക്കാരനെ കണ്ടെത്തുന്നതും മഴയെ.Sunshine is delicious, rain is refreshing, wind braces us up, snow is exhilarating; there is really no such thing as bad weather, only different kinds of good weather.
----John Ruskin

മരം വെട്ടുകാരന്റെ നദിയില്‍ വീണ മഴു-രണ്ടാം ഭാഗം

               ഒരു മരം വെട്ടുകാരന്‍ നദിക്കരയിലൂടെ പോകുമ്പോള്‍ മഴു നദിയിലേക്കു വീണതും ദേവി പ്രത്യക്ഷപ്പെട്ടതും സ്വര്‍ണമഴുവും വെള്ളിമഴുവും കാണിച്ചിട്ടും ഇതൊന്നും തന്റെതല്ലെന്നും ഇരുമ്പുമഴുവാണ് തന്റേതെന്ന് പറഞ്ഞ മഴുവെട്ടുകാരന്റെ സത്യസന്ധതയില്‍ മൂന്നു മഴുവും അയാള്‍ക്കു തന്നെ സമ്മാനിച്ച കഥ എല്ലാവര്‍ക്കുമറിയാം.
കാലം കൊഴിഞ്ഞു വീണു...
                പുള്ളിക്കാരന്‍ രണ്ടു മഴുവും വിറ്റു കാശുകാരനായി ജോലിക്കൊന്നും പോവാതെ ഭാര്യയുമായി അതേ നദിക്കരയിലൂടെ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു. വേറെന്തോ ആലോചിച്ചു നടന്ന ഭാര്യ പൊടുന്നനെ 'ബ്ലും' എന്നും പറഞ്ഞു വെള്ളത്തിലേക്കു വീണു.ഏറെ നേരമായിട്ടും അവള്‍ നദിയില്‍ നിന്നും പൊങ്ങി വരാതായപ്പോള്‍ അയാള്‍ കരയില്‍ ഇരുന്ന്‍ കരയാന്‍ തുടങ്ങി.അപ്പോള്‍ അതാ വരുന്നു പഴയ ആ ദേവി.മരം വെട്ടുകാരനോട്‌ കാര്യമന്വേഷിച്ച ദേവി നദിയില്‍ മുങ്ങി.പൊങ്ങി വന്നത് 'ടൈറ്റാനിക്' നായിക കേറ്റ് വിന്‍സ്ലേറ്റുമായിരുന്നു.
            "വത്സാ,ഇതാണോ നിന്‍റെ ഭാര്യ?"
            "ന്‍റെ ദേവീ..ഇതു തന്നെ.....ഇതു തന്നെ".
            "ഉറപ്പാണോ?ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ.."
            "എന്‍റെ ഭാര്യയെ കണ്ടാല്‍ എനിക്കു തിരിച്ചറിയില്ലേ..."അയാള്‍ കേറ്റിനെ വാരിപ്പുണരാനാഞ്ഞു.
          ദേവി വിഷമത്തോടെ,"മകനെ,മുമ്പു നീ എത്ര സത്യസന്ധനായിരുന്നു...ഇപ്പോള്‍ എന്തേ ഇങ്ങനെ...?"
         "ന്‍റെ പൊന്നു ദേവീ..ഇതല്ല എന്‍റെ ഭാര്യയെന്നു പറഞ്ഞാല്‍ പിന്നെ പൊക്കിക്കൊണ്ടു വരിക ഐശ്വര്യാറായിയെക്കൊണ്ടായിരിക്കും.അതുമല്ലെന്നു പറഞ്ഞാല്‍ പിന്നെ യഥാര്‍ത്ഥ ഭാര്യയേയും.എന്‍റെ സത്യസന്ധത കണ്ടു പഴയ പോലെ ഈ മൂന്നണ്ണത്തിനേയും കൊണ്ടു പൊയ്ക്കോ എന്നു പറഞ്ഞു ദേവി എനിക്കു തരും.ഇതിനെ മൂന്നിനെയും ഒരുമിച്ചു വീട്ടില്‍ കൊണ്ടു പോയാല്‍ ഉണ്ടാകാനിടയുള്ള കോലാഹലങ്ങള്‍ ചിന്തിച്ചിട്ടാണ് ഞാന്‍ കിട്ടുന്നതില്‍ നല്ലത് ഏതെങ്കിലും ഒന്നു മതി എന്നു പറഞ്ഞത്..!!"

സിനിമാ നിരൂപണം സോഷ്യല്‍ മീഡിയ വക!

ഇതൊരിക്കലും ഒരു സിനിമാനിരൂപണമായി കരുതരുതേ...
                 സമീപകാലത്ത് ഇറങ്ങിയ പല സിനിമകളിലേയും ചില കോമഡി രംഗങ്ങള്‍ ചില പ്രദേശത്തുകാരെയും വിഭാഗക്കാരെയും അപമാനിക്കുന്നതായി പരാമര്‍ശിച്ചു കണ്ടു.ഇവിടെ ഒരു സിനിമയും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല.നടത്തുന്നവ ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രം മുഖം കാണിച്ചു മടങ്ങുന്നു.രണ്ടര മണിക്കൂര്‍ നേരത്തെ entertainment മാത്രമാനത്തിന്റെ ലക്ഷ്യം.പിന്നെ അട്ടപ്പാടിക്കാരെ അപമാനിച്ചു,പട്ടിക്കാടുകാരെ അപമാനിച്ചു.സസ്യാഹാരികളെ കരിവാരിത്തേച്ചു എന്നു പറയപ്പെടുന്ന സംഗതികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെ കഥാപാത്രം  പറയുന്നുണ്ട്."ബാപ്പുട്ടിയോട് പറഞ്ഞാല്‍ മതി,മലപ്പുറത്ത് നിന്നും നല്ല നാടന്‍ ബോംബ്‌ കിട്ടും."അന്നാ സിനിമ കണ്ടപ്പോള്‍ (ഇപ്പോഴും) ഒരസ്വാഭാവികതയും തോന്നിയില്ല.എന്നാലും സുഹൃത്തുക്കളുമായി 'അതു കണ്ണൂരാണ് പറയുന്നതെങ്കില്‍ കൂടുതല്‍ യോജിച്ചേനെ' എന്നു മാത്രം പങ്കു വെച്ചു.സുരേഷ്ഗോപിയുടെ ചില പ്രയോഗങ്ങള്‍ കുട്ടികളെ വഴി തെറ്റിച്ചു എന്നും അന്നു അപവാദമുണ്ടായിരുന്നു.ആ പാവത്തിന്‍റെ എല്ലാ സിനിമകളും(മറ്റു മിക്ക സിനിമകളും) നല്ല ഗുണപാഠസന്ദേശം നല്‍കിയാണ്‌ അവസാനിക്കാറ്.അവ എന്‍റെ മക്കളെ നന്നാക്കി എന്നാരും മറുപുറം പറയുന്നതു കണ്ടില്ല.
                    പഴയകാല സിനിമകളിലെ നര്‍മ്മങ്ങള്‍ നമ്പൂതിരി ഫലിതങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു.അന്നും അവരാരും വാളെടുത്തു കണ്ടില്ല.പോട്ടെ...ഇതല്ലാം ഈ കുഞ്ഞു കേരളത്തിലെ തൊഴുത്തില്‍ കുത്തുകള്‍.ലോകം മുഴുവന്‍ കാണുന്ന ഹിന്ദി സിനിമയുടെ അവസ്ഥയെന്താ.uae യില്‍ വന്നപ്പോഴാണു പാക്കിസ്ഥാനികള്‍ നമ്മുടെ ഹിന്ദി സിനിമകളെ എത്ര മാത്രം ഇഷ്ടപ്പെടുന്നുവെന്ന്.പക്ഷെ അവരുടെ പരാതി ഒന്നു മാത്രം.ഇന്ത്യന്‍ സിനിമകളില്‍ പാക്കിസ്ഥാനെ ഒരു ശത്രുരാജ്യമായി മാത്രം കാണുന്നു എന്ന്.ശരി തന്നെയല്ലേ.ഞാന്‍ കണ്ട അധിക ദേശസ്നേഹം വിളമ്പുന്ന ചിത്രങ്ങളിലെല്ലാം സണ്ണി ഡിയോളും കൂട്ടാളികളും പാക്കിസ്ഥാന്‍ മലനിരകളില്‍ തോക്കും പിടിച്ചു അലറുന്നതാണ് കണ്ടത്.പാക്കിസ്ഥാന്‍ എന്നു പറയുമ്പോള്‍ മലകള്‍ മാത്രം കാണിച്ചിരുന്നതിനാല്‍ അവിടെ അതു മാത്രമേയുള്ളൂ എന്നും ധരിച്ചു വെച്ചിരുന്നു.അവര്‍ക്ക്(സിനിമാക്കാര്‍ക്ക്‌)അയല്‍രാജ്യങ്ങള്‍  ശത്രുവൊന്നുമല്ല.പക്ഷേ 'വീര്സാര' പോലെ സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രങ്ങളേക്കാള്‍ ഒരു ശതുവിനെ സൃഷ്ടിച്ചു അതില്‍ നിന്നും ദേശത്തെ കാക്കുന്ന പോരാളികളുടെ പ്രമേയത്തിനാണ് കാണികള്‍ക്ക് കൂടുതല്‍ ഹരം നല്‍കുക എന്ന കച്ചവടതന്ത്രം അവര്‍ക്കു നന്നായറിയാം.ഇന്നു ഇതൊരു വലിയ ഇഷ്യൂ ആവുന്നത് എവിടെ ഇരുന്നും ഫേസ്ബുക്ക് വഴി ഒരു ഫേക്ക് അക്കൌണ്ടിലൂടെ ആര്‍ക്കും ഒരു തീപ്പൊരി ഇട്ടു വേറെ വിഷയം തേടിപ്പോകാം എന്നതു കൊണ്ടാണ്.മുമ്പൊക്കെ സിനിമാവാരികകളില്‍ സിനിമ പഠിച്ചവര്‍ മാത്രം ആധികാരികമായി വിമര്‍ശിക്കുമ്പോള്‍ ഇന്നു ഫേക്കന്മാര്‍  റിവ്യൂ നോക്കി ഒരു പോസ്റ്റിട്ടു മറുപടി പോലും പറയാനറിയാതെ ഒളിച്ചിരിക്കുന്നു.

WWEക്കും കൊടുക്കണം ഒരവാര്‍ഡ്

               ഇത്തവണത്തെ അഭിനയത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് WWEയിലെ മല്ലന്മാര്‍ക്കു നല്‍കാന്‍ തീരുമാനിച്ചു.പല ടേക്കുകള്‍ക്കു ശേഷം ചിത്രീകരിക്കുന്ന സിനിമക്കു വിപരീതമായി ഒരു ടേക്കു പോലും എടുക്കാതെ ആയിരക്കണക്കിനു കാണികള്‍ക്കു മുമ്പില്‍ മികച്ച അഭിനയം കാഴ്ച വെക്കുന്ന അവര്‍ അവാര്‍ഡിനു എന്തു കൊണ്ടും അര്‍ഹാരാണെന്നും ജഡ്ജിംഗ് പാനല്‍ കണ്ടെത്തി.ഇന്ത്യയിലെ കേരളമെന്ന സ്ഥലത്ത് തൊണ്ണൂറുകളില്‍ കല്യാണവീടുകളിലും പൊതുയോഗങ്ങളിലും ഉപയോഗിച്ചു കണ്ടിരുന്നതു പോലെയുള്ള കസേര കൊണ്ടുള്ള അടികള്‍ മാറ്റി വേറെ രീതി പരീക്ഷിക്കണമെന്നും അവര്‍ WWEയോട് അഭ്യര്‍ഥിച്ചു.
              അവരുടെ അഭിനയം തങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും മേശ പൊളിക്കല്‍, താബൂക് കൊണ്ടുള്ള ഏറ്,ചുറ്റിക പ്രയോഗം തുടങ്ങി കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കു മുതിരേണ്ടെന്നും അവ ഓവര്‍ ആക്ടിങ്ങിന്‍റെ പരിധിയില്‍ വരുമെന്നും തന്മൂലം നോമിനേഷന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പിണക്കങ്ങള്‍ മാറുന്ന വഴി

          ''എന്നാലും ഇത്ര കാലം നിങ്ങള്‍ ഇതെന്നോട് മറച്ചു വെച്ചില്ലേ?"
          "എടീ,ഞാനിത് നിന്നോട് പറഞ്ഞതാണോ കുഴപ്പമായത്?"
          "പറ.ഇനിഎന്തെല്ലാം രഹസ്യങ്ങള്‍ ഞാന്‍ അറിയാന്‍ കിടക്കുന്നു?"
           "ശ്ശെടാ,ഇങ്ങനെയൊരു മണ്ടിയെയാണല്ലോ എനിക്കു കിട്ടിയത്"
          അതും കൂടി കേട്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.ആ അശ്രു പുറത്തേക്കൊഴുകരുതേ എന്നയാള്‍ ആഗ്രഹിച്ചെങ്കിലും അവ കവിളിനെ നനയിച്ചു കൊണ്ട് താഴേക്കിറങ്ങി.അയാള്‍ ആ ചുടുകണ്ണീര്‍ കണങ്ങള്‍ വിരലു കൊണ്ടു തുടച്ചു അവളെ തന്നിലേക്കു ചേര്‍ത്തു നിര്‍ത്തി,പിന്‍ കഴുത്തില്‍ ആഫ്രിക്കയുടെയും നെറുകയില്‍ അന്റാര്‍ട്ടിക്കയുടെയും ഭൂപടം വരച്ചു.
         "ഒന്നുമില്ല മോളെ,ഞാന്‍ അറിയാതെ കളിയാക്കിപ്പറഞ്ഞതല്ലേ."
         "സാരല്യന്നെ,ഞാനും ആ ദേഷ്യത്തിന്..."-അവളും ചിണുങ്ങി.
          ആ വാരിപ്പുണരലലില്‍ അയാള്‍ ആ സത്യം മനസ്സിലാക്കി.ഒരു തലോടല്‍,ഒരു ആലിംഗനം.ഇതില്‍ വീഴും ഏതൊരു പെണ്ണും.!
         അതേ സമയം അവളും മറ്റൊരു സത്യത്തെ തിരിച്ചറിയുകയായിരുന്നു.ഒരൊറ്റ കണ്ണീര്‍ തുള്ളിയില്‍ അലിയുന്നതേയുള്ളൂ ഏതൊരു ആണും..!!

ഇങ്ങനെയായിരിക്കുമോ മഴനിയമം ഉണ്ടായത്?

              മഴനിയമം നടപ്പിലാക്കിയ അന്നു മുതലുള്ള സംശയമാണ്,
ഞാനൊക്കെ ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന കാലത്ത്(സ്കൂള്‍ ടൈം)ഇതു പോലെ മഴകാരണമോ മറ്റോ കളിക്കു മുടക്കം വന്നാല്‍ ഓവര്‍ വെട്ടിച്ചുരുക്കുമായിരുന്നു.കാരണം,മില്ലില്‍ കൊണ്ടുപോയി പൊടിപ്പിക്കാനുള്ള അരിയോ മുളകോ മറ്റോ ഉമ്മ റെഡിയാക്കി വച്ചു എന്നെ വിളിക്കുമെന്നതു തന്നെ.
              അപ്പൊ ഒരു തംസ്യം,ഇന്നത്തെ സെമിഫൈനല്‍ 43 ഓവര്‍ ആയി ചുരുക്കാനുള്ള കാരണം ഈ കളിക്കാര്‍ക്കും അവരുടെ വീട്ടിലെ  മല്ലിയോ മുളകോ മില്ലില്‍ കൊണ്ടുപോയി പൊടിപ്പിക്കാനോ അങ്ങാടീന്നു സാധനങ്ങള്‍ വാങ്ങിക്കാനോ മറ്റോ ഉണ്ടോ ആവോ?

നവസിനിമകളിലെ നല്ല മാറ്റങ്ങള്‍

            നവതരംഗമെന്നോ ന്യൂ ജനറേഷനെന്നോ എന്തു പേരിട്ടു വിളിച്ചാലും ഇന്നത്തെ മലയാളസിനിമകള്‍ പോയകാല സിനിമകളേക്കാള്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കുന്നു എന്നാണെന്‍റെ അഭിപ്രായം.
           'പതിനാലു വര്ഷം ഞാനനുഭവിച്ച വേദന....'
            'ഈ തറവാടിന്റെ നാശം കണ്ടിട്ടേ എന്‍റെ നെഞ്ചിലെ കനലണയൂ...'തുടങ്ങിയ ആവര്‍ത്തന വിരസമായ ഡയലോഗുകളും തലമുറകളുടെ കുടിപ്പക പറയുന്ന കഥകളും അമാനുഷികനായ കേന്ദ്രകഥാപാത്രവും ഹീറോയ്ക്ക് മാത്രം ബുദ്ധി,മറ്റുള്ളവരെല്ലാം മണ്ടന്മാര്‍ എന്നു ദ്യോതിപ്പിക്കുന്ന നായകന്‍....തുടങ്ങിയവയെല്ലാം ഇന്നു ഏറക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
             പുരുഷകേന്ദ്രീയ കഥ,ആദ്യപകുതി വരെയുള്ള നായികാപ്രാധാന്യം,കഥാന്ത്യത്തിലെ അച്ഛന്‍ മരണം,പുട്ടിനു തേങ്ങാ ഇടുന്നതു പോലെയുള്ള അടികളും പാട്ടുകളും..പത്തുവര്‍ഷം മുമ്പുവരെയുണ്ടായിരുന്ന ഈ ഫോര്‍മുലയിലും മാറ്റം വന്നിരിക്കുന്നു.
            വില്ലനാണ് കൂടുതല്‍ മാറ്റം വന്നിരിക്കുന്നത്.അവര്‍ ജന്മനാ ഭീകരന്മാരായി ജനിച്ചതു പോലിരിക്കും.വില്ലന്മാര്‍ക്കു കറുപ്പ് നിറം/പൊണ്ണത്തടി/ചുവന്ന കണ്ണുകള്‍/നീളന്‍ മുടി/മുഖത്തു നിറയെ പാടുകള്‍/നീളന്‍ കുറി ഇവയിലേതെങ്കിലുമൊന്നു നിര്‍ബന്ധം.എത്ര അന്തസുള്ള വില്ലനാനെങ്കിലും വേറെ ഒരു വഴിയുമില്ലെങ്കില്‍ നായകന്‍റെ സ്ത്രീകഥാപാത്രങ്ങളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തി തന്തയില്ലായ്മത്തരം കാണിക്കും.